ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി എന്ന തുര്‍ക്കിയിലെ ഭരണ കക്ഷി അധികാരത്തില്‍ എട്ടു വര്‍ഷം പൂര്‍ത്തിയാക്കി എന്നത് ആധുനിക തുര്‍ക്കിയുടെ ചരിത്രത്തിലും മുസ്‌ലിം രാഷ്‌ട്രീയത്തിലും ഏറെ പ്രാധാന്യമുള്ള കാര്യമത്രെ. നടപ്പു ഗുണം കൊണ്ട് യൂറോപ്പിലെ രോഗി എന്ന ദുഷ്‌പേരു സമ്പാദിച്ച തുര്‍ക്കിയുടെ മുഖമുദ്ര, സൈന്യത്തിന്റെ അമിത ഇടപെടല്‍ മൂലമുടലെടുത്ത അരാചകത്വവും അഴിമതിയും സാമ്പത്തിക നിശ്ചലതയുമായിരുന്നു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമെങ്കിലും മുഹമ്മദ് കമാല്‍ അത്താതുര്‍ക്കിന്റെ മതേതര വിപ്ലവത്തോടെ (തുര്‍ക്കിയില്‍ മതസ്വാതന്ത്യം നിഷേധിക്കുക എന്നു പരിഭാഷ) തുര്‍ക്കി വീണത് ഭരണപരമായ അരാചകത്വത്തിന്റെയും സൈനിക ഇടപെടലിന്റെയും അസ്വസ്ഥതയുടെയും കയത്തിലേക്കായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങളെ അട്ടിമറിക്കുന്നത് ഹോബിയാക്കിയ തുര്‍ക്കിയിലെ മതേതരാഭിനിവേശം ബാധിച്ച സൈന്യം സമ്മാനിച്ച അരാചകത്വത്തിനിടെ യൂറോപ്പിലെ രോഗിയുടെ സ്ഥിതി വീണ്ടും ദയനീയമാവുകയായിരുന്നു. സര്‍വത്ര അഴിമതിയിലും ഭരണരാഹിത്യത്തിലും സൈനിക അട്ടിമറിയിലും വീര്‍പ്പുമുട്ടിയ തുര്‍ക്കിയില്‍, പ്രതീക്ഷയിലേക്കുള്ള പുതിയ വാതായനങ്ങള്‍ തുറന്ന് 2001 ആഗസ്‌ത് 14നാണ് എ കെ പി (അദാലത്ത് വ കല്‍കിമ പാര്‍ട്ടി) രൂപീകരിക്കപ്പെടുന്നത്. ഫാസിലെത്ത് പാര്‍ട്ടി നേതാവ് നജ്‌മുദ്ദീന്‍ അര്‍ബക്കാന്‍ നേതൃത്വം നല്‌കിയ സഖ്യകക്ഷി സര്‍ക്കാരിനെ പുറത്താക്കിയ 1997 ഫെബ്രുവരി 28ലെ പോസ്റ്റ്‌മോഡേണ്‍ പട്ടാള അട്ടിമറിയെ (പാര്‍ലമെന്റു പിരിച്ചുവിടാതെയും ഭരണഘടന മരവിപ്പിക്കാതെയും) തുടര്‍ന്നാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി ഉര്‍ദുഗാനും പ്രസിഡന്റ് അബ്‌ദുല്ല ഗുല്ലും ഇസ്‌ലാമിക ഗ്രൂപ്പ് ആയ മില്ലി ഗോറസില്‍ നിന്ന് വേര്‍പിരിയുന്നത്. പാര്‍ട്ടി രൂപം കൊണ്ട തൊട്ടുടനെ 2002ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടിയെന്ന എ കെ പാര്‍ട്ടി 37% വോട്ടു നേടി വിജയിക്കുകയും റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ നേതൃത്വത്തില്‍ തുര്‍ക്കി പുതിയൊരു അധ്യായം രചിക്കാന്‍ തയ്യാറെടുക്കുകയുമായിരുന്നു. രാഷ്‌ട്രീയ അസ്ഥിരതയ്‌ക്ക് വിരാമമിട്ട്, പത്തൊമ്പതു വര്‍ഷത്തിനു ശേഷം തുര്‍ക്കിയില്‍ ഏകകക്ഷി ഭരണം കൊണ്ടുവരാനും എ കെ പാര്‍ട്ടിക്കു കഴിഞ്ഞു. മതചിഹ്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തപ്പെട്ട ഒരു രാജ്യത്ത്, കമാല്‍ അത്താ തുര്‍ക്കിന്റെ മതവിരോധ സിദ്ധാന്തങ്ങള്‍ ആഴത്തില്‍ സ്വാധീനം ചെലുത്തിയ പ്രബലമായ സൈന്യത്തിനും മാറ്റിയെഴുതപ്പെട്ട ഭരണഘടനയ്‌ക്കും കീഴില്‍, ഇസ്‌ലാമികാചാരാനുഷ്‌ഠാനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താനാഗ്രഹിക്കുന്ന ഭൂരിപക്ഷം മുസ്‌ലിംകള്‍ ഉള്ള ഒരു രാജ്യത്ത്, നീതിയിലും വികസനത്തിലും അധിഷ്‌ഠിതമായ ഭരണം നടത്തുകയെന്ന അതീവ ദുഷ്‌കരമായ ദൗത്യമാണ് ഉര്‍ദുഗാന്‍ ഏറ്റെടുത്തത്. ഇസ്‌ലാമിക മൂല്യങ്ങളില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണ് എ കെ പാര്‍ട്ടിയും അതിന്റെ തലപ്പത്തുള്ള റജബ് ത്വയ്യിബ് ഉര്‍ദുഗാനും അബ്‌ദുല്ല ഗുല്ലും എന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. എ കെ പാര്‍ട്ടി ഇസ്‌ലാമിക പാര്‍ട്ടിയല്ല എന്നു അതിന്റെ നേതാക്കള്‍ പലതവണ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇസ്‌ലാമിക ചിഹ്നങ്ങളോടുള്ള പ്രതിബദ്ധത പലപ്പോഴും ഇവര്‍ പ്രകടമാക്കിയിട്ടുണ്ട്. എ കെ പാര്‍ട്ടിയുടെ ജനകീയാടിത്തറയും ഈയൊരു പിന്‍ബലത്തിലൂന്നിയത്രെ. പുതിയൊരു പ്രഭാതം എന്ന തുര്‍ക്കിയുടെ സ്വപ്‌നം അസ്ഥാനത്തായില്ലെന്നാണ് എട്ടു വര്‍ഷത്തെ എ കെ പാര്‍ട്ടിയുടെ ഭരണം തെളിയിക്കുന്നത്. സൈന്യാധിപര്‍ക്കും മതേതര പ്രമുഖര്‍ക്കും ആധിപത്യമുണ്ടായിരുന്ന തുര്‍ക്കിയുടെ രാഷ്‌ട്രീയ ഭൂമികയില്‍ എട്ടു വര്‍ഷമായി തലയുയര്‍ത്തി നില്‌ക്കാന്‍ എ കെ പാര്‍ട്ടിക്കു കഴിഞ്ഞത് ത്വയ്യിബ് ഉര്‍ദുഗാന്റെ ജനകീയ പ്രഭയുള്ള നേതൃത്വം കൊണ്ടു കൂടിയാണ്. ദാരിദ്ര്യത്തില്‍ പിറന്നുവീണ്, ജീവിതത്തിന്റെ കറുത്ത മുഖങ്ങള്‍ ഏറെ കണ്ട് സംഘര്‍ഷഭരിതമായ പരുക്കന്‍ സാഹചര്യങ്ങളിലൂടെ വളര്‍ന്നുവന്ന അനുഭവസമ്പന്നനായ രാഷ്‌ട്രീയക്കാരനാണ് 56കാരനായ ഉര്‍ദുഗാന്‍. ഇരു തല മൂര്‍ച്ചയുള്ള തുര്‍ക്കിയുടെ രാഷ്‌ട്രീയ സാഹചര്യങ്ങളില്‍ ഉര്‍ദുഗാന്‍ കാണിക്കുന്ന ട്രപ്പീസു കളിക്കാരന്റെ തന്ത്രജ്ഞതയുടെ പിന്‍ബലവും അതുതന്നെയായിരിക്കണം. ഇസ്‌തംബൂള്‍ തെരുവില്‍ കച്ചവടക്കാരനായിരുന്ന ഉര്‍ദുഗാന്‍ കഠിനാധ്വാനം കൊണ്ട് 1994 മാര്‍ച്ച് 27ന് ആ ചരിത്രനഗരിയുടെ മേയറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്. സത്യസന്ധമായ നിലപാടുകളും ഇച്ഛാശക്തിയും തീരുമാനങ്ങളില്‍ ഉറച്ചു നില്‌ക്കാനുള്ള ചങ്കുറപ്പുമാണ് ഈ രാഷ്‌ട്രീയ നേതാവിന്റെ കരുത്ത്. അതുകൊണ്ടു തന്നെയാണ് ഈയിടെ നടന്ന ഒരു സര്‍വേയില്‍ 20 മുസ്‌ലിം ലോക നേതാക്കളില്‍ ഉര്‍ദുഗാന്റെ പേര് ഒന്നാമതെത്തിയത്. രാഷ്‌ട്രീയത്തില്‍ പ്രവേശിക്കുന്നതിന് ഉര്‍ദുഗാന്റെ മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കപ്പെട്ടതിനു തൊട്ടു പിന്നാലെ 2003 മാര്‍ച്ച് 14നാണ് അദ്ദേഹം പ്രധാനമന്ത്രിയാകുന്നത്. ഉര്‍ദുഗാന്‍ അധികാരമേറ്റെടുക്കുന്നതു വരെ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും രാഷ്‌ട്രീയത്തില്‍ ദീര്‍ഘകാല പങ്കാളിയുമായ അബ്‌ദുല്ല ഗുല്‍ ആയിരുന്നു എ കെ പാര്‍ട്ടിയുടെ പ്രധാനമന്ത്രി. പിന്നീട് ഗുല്‍ വിദേശകാര്യമന്ത്രിയായി ചുമതലയേല്‌ക്കുകയായിരുന്നു. യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനു വേണ്ടി വീണ്ടും ചര്‍ച്ചയാരംഭിച്ചത് ഉര്‍ദുഗാന്റെ തൊപ്പിയില്‍ ചാര്‍ത്തപ്പെട്ട പൊന്‍തൂവല്‍ തന്നെയാണ്. രാജ്യത്തെ ജനാധിപത്യവത്‌കരിക്കാനും ഭരണനടപടികള്‍ സുതാര്യമാക്കാനും സര്‍വത്ര വ്യാപകമായ അഴിമതി ഒരു പരിധി വരെ പടികടത്താനും കഴിഞ്ഞത് ഉര്‍ദുഗാന്റെ പാര്‍ട്ടിയുടെ നേട്ടമാണ്. സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ച രൂക്ഷമായ പണപ്പെരുപ്പത്തെ വരുതിയിലാക്കാന്‍ കഴിഞ്ഞതും രാജ്യത്തെ കറന്‍സിയായ ലിറയുടെ യശസ്സ് തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞതും ഉര്‍ദുഗാന്റെ കര്‍ശനമായ രാഷ്‌ട്രീയ, സാമ്പത്തിക നയങ്ങളുടെ ഭാഗമാണ്. പ്രതിശീര്‍ഷ വരുമാനം ശ്രദ്ധേയമായ തോതില്‍ ഉയര്‍ന്നതോടൊപ്പം തന്നെ പലിശ നിരക്ക് വളരെ കുറഞ്ഞ നിലയിലെത്തിക്കാനും എ കെ പാര്‍ട്ടിയുടെ പരിഷ്‌കാരങ്ങള്‍ക്ക് കഴിഞ്ഞിരിക്കുന്നു. രാഷ്‌ട്രീയ, സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കൊപ്പം വിദേശ നയത്തിലെ ശ്രദ്ധേയമായ ഇടപെടലുമാണ് ഉര്‍ദുഗാന്റെ ഗ്രാഫ് ഉയര്‍ത്തുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെയും പാപ്പരത്തത്തിന്റെയും ആഴക്കടലില്‍ നിന്നാണ് എ കെ പാര്‍ട്ടി തുര്‍ക്കി സമ്പദ് വ്യവസ്ഥയെ പിടിച്ചുയര്‍ത്തിയത്. വിദേശ കുത്തകകളും സെക്യുലര്‍ ഗ്രൂപ്പില്‍ പെട്ട പ്രമുഖരുമായിരുന്നു രാജ്യത്തെ സമ്പത്ത് നിയന്ത്രിച്ചിരുന്നത്. തൊഴിലില്ലായ്‌മയും പണപ്പെരുപ്പവും നിയന്ത്രിച്ചു സാമ്പത്തിക വികസനത്തിലേക്കു നയിക്കാന്‍ കഴിഞ്ഞതിന്റെ ഫലമാണ് ലോകത്തെ 17-ാമത്തെ വലിയ സമ്പദ് വ്യവസ്ഥയായും യൂറോപ്പിലെ ആറാമത്തെ വലിയ സാമ്പത്തികഘടനയായും തുര്‍ക്കി വളര്‍ന്നത്. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കൊപ്പം ജനാധിപത്യവത്‌കരണത്തിലും മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തുന്നതിലും ശ്രദ്ധേയമായ നേട്ടമാണ് ഉര്‍ദുഗാന്‍ ഭരണകൂടം കൈവരിച്ചത്. മനുഷ്യാവകാശങ്ങള്‍ക്കും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ഭരണ സുതാര്യതയ്‌ക്കും മേല്‍ 1980ലെ സൈനിക അട്ടിമറിയിലൂടെ സ്ഥാപിക്കപ്പെട്ട സെക്യുലര്‍ വ്യവസ്ഥ സൃഷ്‌ടിച്ച കരിമ്പടം പതുക്കെ വലിച്ചുകീറാന്‍ എ കെ പാര്‍ട്ടിക്കു കഴിഞ്ഞതു കൊണ്ടു തന്നെയാണ് യൂറോപ്യന്‍ യൂണിയന്‍ അംഗത്വ ചര്‍ച്ചയ്‌ക്കുള്ള സാഹചര്യം സൃഷ്‌ടിക്കപ്പെട്ടത്. മനുഷ്യാവകാശങ്ങളും അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യവും രാജ്യത്ത് ഗണ്യമായ പുരോഗതിയാണ് കൈവരിച്ചത്. പീഡനം, നിയമവിരുദ്ധമായ കൊലപാതകം എന്നിവക്കെതിരെ തുര്‍ക്കി കൈവരിച്ചത് അവിശ്വസനീയമായ നേട്ടമാണ്. രാജ്യത്തെ ന്യൂനപക്ഷമായ കുര്‍ദു വിഭാഗങ്ങളോടുള്ള ശത്രുതാ മനോഭാവം അവസാനിപ്പിക്കാനും ഏറ്റുമുട്ടലിന്റെ വഴിക്കു പകരം അനുനയത്തിന്റെ പാത തുറക്കാനും ഉര്‍ദുഗാന് കഴിഞ്ഞതിന്റെ നേട്ടം പൊതു തെരഞ്ഞെടുപ്പിലും പ്രാദേശിക തെരഞ്ഞെടുപ്പിലും തെളിഞ്ഞതാണ്. കുര്‍ദുകള്‍ക്ക് ഭൂരിപക്ഷമുള്ള തെക്കു കിഴക്കന്‍ തുര്‍ക്കിയില്‍ കുര്‍ദു പാര്‍ട്ടിയായ ഡി ടി പിയെക്കാള്‍ സ്വാധീനമുറപ്പിക്കാന്‍ എ കെ പിക്കു കഴിഞ്ഞിട്ടുണ്ട്. ദേശീയ ടി വിക്കു കീഴില്‍ കുര്‍ദുകള്‍ക്കായി 24 മണിക്കൂര്‍ ചാനല്‍ ആരംഭിച്ചതിനു പുറമെ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ കുര്‍ദു ഭാഷാ വിഭാഗം തുറക്കുകയും ചെയ്‌തു. തുര്‍ക്കി ഭരണത്തിന് എപ്പോഴും കല്ലുകടി തീര്‍ത്തിരുന്ന സൈന്യത്തിന്റെ രാഷ്‌ട്രീയ ഇടപെടല്‍ കുറയ്‌ക്കാനും എ കെ പിക്കു പതുക്കെയെങ്കിലും സാധിക്കുന്നുണ്ട്. തുര്‍ക്കിയുടെ ചരിത്രത്തില്‍ നാലു ഭരണ അട്ടിമറികള്‍ക്കു നേതൃത്വം കൊടുത്ത കറുത്ത ചരിത്രമുള്ള കരുത്തരായ സൈന്യത്തിനു മേലാണ് രാഷ്‌ട്രീയ നിയന്ത്രണം ചെറുതായെങ്കിലും കൊണ്ടുവരാന്‍ ഉര്‍ദുഗാന് കഴിഞ്ഞിരിക്കുന്നത്. ജനറല്‍മാരുടെ അധികാരം കുറച്ചുകൊണ്ടും ഭരണ അട്ടിമറിക്ക് ശ്രമിച്ച ഉയര്‍ന്ന റാങ്കിലുള്ളതുള്‍പ്പെടെ ഒട്ടേറെ സൈനിക ഓഫിസര്‍മാരെ ജയിലഴികള്‍ക്കു പിന്നില്‍ അടച്ചും ഉറച്ച നടപടികളാണ് ഉര്‍ദുഗാന്‍ കൈക്കൊണ്ടത്. യൂറോപ്യന്‍ യൂണിയന്റെ പിന്‍ബലത്തോടെ സൈന്യത്തിന്റെ ഇടപെടല്‍ കുറച്ചും പൊലീസ് സേനയെ ശക്തിപ്പെടുത്തിയും രാഷ്‌ട്രീയത്തില്‍ ഇടപെടാനുള്ള സൈന്യത്തിന്റെ വാസന കുറച്ചുകൊണ്ടുവരാനാണ് എ കെ പിയുടെ ശ്രമം. ഭൂമിശാസ്‌ത്രപരമായും തന്ത്രപരമായുമുള്ള നില്‌പുകൊണ്ട് സവിശേഷ സ്ഥാനമുള്ള തുര്‍ക്കിയുടെ വിദേശനയത്തിലും കാതലായതും ചങ്കുറപ്പുള്ളതുമായ മാറ്റങ്ങള്‍ വരുത്താനും എ കെ പിക്കു കഴിഞ്ഞിട്ടുണ്ട്. അന്താരാഷ്‌ട്ര തലത്തില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത വിധം ത്വയ്യിബ് ഉര്‍ദുഗാന്‍ മേധാവിത്വം നേടിയെടുത്തത് ഈ നിലപാടു കൊണ്ടാണ്. അയല്‍രാജ്യങ്ങളുമായി സൗഹൃദാന്തരീക്ഷം വളര്‍ത്താനും അതുവഴി സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും കാണിച്ച മെയ്‌വഴക്കം സമ്മതിച്ചേ തീരൂ. ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമായും ആഫ്രിക്ക, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളുമായും മികച്ച നയതന്ത്ര, സാമ്പത്തിക ബന്ധം സ്ഥാപിക്കാന്‍ ഉര്‍ദുഗാന്‍ മുന്‍കയ്യെടുത്തു. അമേരിക്കയോടും യൂറോപ്യന്‍ യൂണിയനോടും സൗഹൃദം പുലര്‍ത്തുമ്പോള്‍ തന്നെ ഫലസ്‌തീന്‍, ഇറാന്‍ പോലുള്ള വിഷയങ്ങളില്‍ അവര്‍ക്കു മുമ്പില്‍ നട്ടെല്ലു വളയ്‌ക്കാതെ നിവര്‍ന്നു നില്‌ക്കാനും ഉര്‍ദുഗാന്‍ പലതവണ കരുത്തു പ്രകടിപ്പിച്ചിട്ടുണ്ട്. ഇറാഖ് അധിനിവേശത്തിന് അമേരിക്കന്‍ സേനയ്‌ക്കു മണ്ണു നിഷേധിച്ചും അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും കണ്ണിലെ കരടായ ഹമാസ് നേതാവ് ഖാലിദ് മിശ്‌അലിനെ തുര്‍ക്കിയിലേക്ക് ക്ഷണിച്ചും (2006ലെ ഫലസ്‌തീന്‍ തെരഞ്ഞെടുപ്പില്‍ ഹമാസ് വിജയിച്ചപ്പോള്‍) 2009 ജനുവരിയില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ വെച്ച്, മേഖലയില്‍ രക്തപ്പുഴ ഒഴുക്കുന്നതിന് ഇസ്‌റാഈല്‍ പ്രസിഡന്റ് ഷിമോണ്‍ പെരെസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതും ഇതിനു തെളിവാണ്. ഇസ്‌റാഈലിനെതിരെ നട്ടെല്ലു നിവര്‍ത്തി സംസാരിക്കുന്ന തുര്‍ക്കി പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനം അന്നാട്ടുകാര്‍ ഏറെ ഇഷ്‌ടപ്പെടുന്നുവെന്നതിന്റെ തെളിവായിരുന്നു 2009ല്‍ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പ്. എ കെ പാര്‍ട്ടിയുടെ ജനകീയ സ്വാധീനത്തിലുണ്ടായ ഇടിവ് നികത്തിയത് ഇസ്‌റാഈല്‍ പ്രസിഡന്റുമായുള്ള `ഏറ്റുമുട്ടല്‍' ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിദേശനയങ്ങളില്‍ കാണിക്കുന്ന തന്ത്രപരവും കരുത്തുറ്റതുമായ നിലപാടു തന്നെയാണ് വിദേശരാഷ്‌ട്രങ്ങള്‍ക്കിടയില്‍ തുര്‍ക്കിയുടെയും ഉര്‍ദുഗാന്റെയും സ്വാധീനം വര്‍ധിപ്പിച്ചതും. ഇക്കഴിഞ്ഞ മെയ് മാസം, ഇസ്‌റാഈലിന്റെ സൈനിക കരുത്തില്‍ ഞെരുങ്ങിപ്പിടയുന്ന ഗസ്സയിലേക്ക് സഹായക്കപ്പല്‍ കൂട്ടത്തെ അയക്കാനുള്ള തീരുമാനത്തിന് തുര്‍ക്കി പ്രധാനമന്ത്രി നല്‌കിയ പിന്തുണ ശ്രദ്ധേയമായിരുന്നു. മര്‍മര കപ്പല്‍ അയച്ചതും ഇസ്‌റാഈല്‍ സൈനികാക്രമണത്തില്‍ എട്ടു തുര്‍ക്കി പൗരന്മാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഉര്‍ദുഗാന്‍ എടുത്ത അതിശക്തമായ നിലപാടും യു എസിനെയും ഇസ്‌റാഈലിനെയും എവ്വിധം പ്രയാസപ്പെടുത്തിയാലും തുര്‍ക്കിയില്‍ ഉര്‍ദുഗാന്റെ ജനകീയാടിത്തറ വിപുലപ്പെടുത്തുകയായിരുന്നു. തുര്‍ക്കിയോട് ഇടയുന്നത് സാമ്പത്തികമായും നയതന്ത്രപരമായും ഗുണകരമല്ലെന്ന തിരിച്ചറിവില്‍, അനുനയത്തിന്റെ ഭാഷയില്‍ സംസാരിക്കാന്‍ ഇസ്‌റാഈലിനെ പ്രേരിപ്പിച്ചത് മേഖലയില്‍ തുര്‍ക്കിയുടെ സ്വാധീനം വല്ലാതെ ഉയര്‍ത്തിയെന്നു വേണം അനുമാനിക്കാന്‍. ബരാക് ഒബാമയുടെ അമേരിക്ക, തങ്ങളുടെ മുഖ്യ പങ്കാളിയായി തുര്‍ക്കിയെ കരുതുമ്പോള്‍ പോലും ആവശ്യമായിടത്ത് നട്ടെല്ലിന്റെ ഗുണം കാണിക്കാന്‍ ഉര്‍ദുഗാനും അദ്ദേഹത്തിന്റെ വിദേശ നയങ്ങള്‍ക്കും കഴിഞ്ഞിട്ടുണ്ട്. ആണവ സമ്പുഷ്‌ടീകരണ പ്രശ്‌നത്തില്‍ ഇറാനെതിരായ ഉപരോധത്തിന് കൈ പൊക്കിക്കൊടുക്കാനും ഫ്‌ളോട്ടില്ല വിഷയത്തില്‍ ഇസ്‌റാഈലിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കാനും കാണിച്ച ജാഗ്രത ബരാക് ഒബാമയ്‌ക്ക് പിടിച്ചിട്ടില്ല. അമേരിക്കയുടെ സാമ്പത്തിക പിന്തുണ തുര്‍ക്കിക്കും തുര്‍ക്കിയുടെ തന്ത്രപരമായ സഹകരണം അമേരിക്കയ്‌ക്കും ആവശ്യമായതിനാല്‍ ഇരു രാജ്യങ്ങളുമായുള്ള ബന്ധം വഷളായിട്ടില്ലെന്നു മാത്രം. എങ്കിലും സ്വതന്ത്ര മുതലാളിത്ത സാമ്പത്തിക നയങ്ങള്‍ തിരുത്തുന്നതിലും സാമൂഹിക നീതിയിലധിഷ്‌ടിതമായ നയം രൂപപ്പെടുത്തുന്നതിലും എട്ടു വര്‍ഷമായിട്ടും ഉര്‍ദുഗാന്‍ ഭരണകൂടത്തിനു കഴിഞ്ഞില്ലെന്ന വിമര്‍ശനം ഉയരുന്നുണ്ട്. കൂടാതെ മത സ്വാതന്ത്ര്യം അനുവദിക്കുന്ന കാര്യത്തില്‍ ഗണ്യമായ പുരോഗതി നേടാന്‍ കഴിഞ്ഞില്ലെന്നതാണ് എ കെ പാര്‍ട്ടി നേരിടുന്ന കാതലായ വിമര്‍ശനങ്ങളിലൊന്ന്. പൊതു സ്ഥലങ്ങളില്‍ ശിരോ വസ്‌ത്രത്തിന് ഏര്‍പ്പെടുത്തിയ വിലക്കു നീക്കാന്‍ ഇനിയും പാര്‍ട്ടിക്കു കഴിഞ്ഞിട്ടില്ല. പ്രസിഡന്റ് അബ്‌ദുല്ല ഗുല്ലിന്റെ ഭാര്യയുടെ സ്‌കാര്‍ഫ് ഏറെ വിവാദങ്ങള്‍ തീര്‍ത്തെങ്കിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും സ്‌ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ ശിരോവസ്‌ത്ര വിലക്ക് പിന്‍വലിക്കാന്‍ 2008ല്‍ ഭരണ ഭേദഗതി പാര്‍ലമെന്റ് പാസാക്കിയിരുന്നെങ്കിലും ഭരണഘടനാ കോടതി അതു തടയുകയായിരുന്നു. ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന കാരണം പറഞ്ഞാണ് ഭരണഘടനാ കോടതി പരിഷ്‌കാരശ്രമങ്ങളുടെ കൂമ്പു നുള്ളിക്കളഞ്ഞത്. ഖുര്‍ആന്‍ സ്‌കൂളുകള്‍ ആരംഭിക്കുന്നതിന് നിലനില്‌ക്കുന്ന തടസ്സങ്ങളുടെ സ്ഥിതിയും ഇതു തന്നെ. മതപരമായ ആരാധനാ സ്വാതന്ത്ര്യം നടപ്പിലാക്കാന്‍ കഴിയാത്തത്, മതവിശ്വാസികളായ മുസ്‌ലിം ഭൂരിപക്ഷത്തിന്റെ പിന്തുണയുള്ള എ കെ പാര്‍ട്ടിക്ക് മുന്‍പിലുള്ള കടുത്ത പ്രതിസന്ധിയാണ്. 2007ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ജനകീയ വോട്ടിന്റെ 47 ശതമാനം നേടി വീണ്ടും അധികാരത്തിലേറാന്‍ എ കെ പാര്‍ട്ടിക്കു കഴിഞ്ഞെങ്കിലും ഭരണഘടനാ പരിഷ്‌കാരത്തിന് ആവശ്യമായ സ്വാധീനം ഇനിയും കൈപ്പിടിയിലാക്കാന്‍ കഴിഞ്ഞിട്ടില്ല. വോട്ടു കൂടുതല്‍ നേടിക്കൊണ്ട് രണ്ടാമതും തുര്‍ക്കിയില്‍ ഒരു കക്ഷി അധികാരത്തിലേറിയത് 52 വര്‍ഷത്തിനു ശേഷം ആദ്യമാണ്. എന്നാല്‍ തുര്‍ക്കിയുടെ തെരഞ്ഞെടുപ്പു സംവിധാനമനുസരിച്ച് 47 ശതമാനം വോട്ടു നേടിയെങ്കിലും പാര്‍ലമെന്റ് സീറ്റുകളുടെ എണ്ണം 363ല്‍ നിന്ന് 341 ആയി കുറഞ്ഞിരുന്നു. ഇത് ഭരണഘടനാപരമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ എ കെ പാര്‍ട്ടിക്കു മുന്നില്‍ കടുത്ത വെല്ലുവിളി സൃഷ്‌ടിക്കുന്നുണ്ട്. കൂടാതെ ഭരണഘടനാ കോടതിയും അത്താതുര്‍ക്കിന്റെ പ്രേതാവേശിതമായ ഭരണഘടനയില്‍ ഭേദഗതി വരുത്താനുള്ള തടസ്സങ്ങളും ത്വയ്യിബ് ഉര്‍ദുഗാനും അബ്‌ദുല്ല ഗുല്ലിനും കനത്ത പ്രതിബന്ധമാണ്. ഭരണത്തിന്റെ ഒന്നാം നാള്‍ മുതല്‍ യൂറോപ്യന്‍ യൂണിയന്റെ ഗുണനിലവാര സ്‌കെയില്‍ അനുസരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട് എ കെ പാര്‍ട്ടി. വ്യക്തി സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുമ്പോഴും ഇസ്‌ലാമോഫോബിയ ബാധിച്ച യൂറോപ്യന്‍ യൂണിയന്‍ തുര്‍ക്കിയില്‍ മത സ്വാതന്ത്ര്യം അനുവദിക്കുന്നതിന് സമ്മതം മൂളുന്നില്ലെന്നത് എ കെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നു. ഭരണഘടനാപരമായും മതേതരാഭിനിവേശം ബാധിച്ചവരില്‍ നിന്നുമുള്ള എതിര്‍പ്പ് എ കെ പാര്‍ട്ടിയും ഉര്‍ദുഗാനും എങ്ങനെ മറികടക്കുമെന്നാണ്, തുര്‍ക്കിയുടെ കാര്യത്തില്‍ താല്‌പര്യമുള്ളവരും അന്നാട്ടിലെ ഭൂരിപക്ഷം വരുന്ന മതവിശ്വാസികളും മുസ്‌ലിം ലോകവും താല്‌പര്യപൂര്‍വം നോക്കുന്ന കാര്യം. |
2010, ഒക്‌ടോബർ 15, വെള്ളിയാഴ്‌ച
മുസ്‌ലിം ലോകം പുതിയ പ്രതീക്ഷകളുമായി തുര്‍ക്കി - വി കെ ജാബിര്‍
പോസ്റ്റ് ചെയ്തത്
DATABANK
ല്‍
7:35 PM
ഇത് ഇമെയിലയയ്ക്കുക
ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!
X എന്നതിൽ പങ്കിടുക
Facebook ല്‍ പങ്കിടുക
ലേബലുകള്‍:
TURKEY
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ