Subscribe:

Pages

2010, നവംബർ 22, തിങ്കളാഴ്‌ച

ലബനാനെ ഇളക്കി മറിച്ച നിജാദിന്റെ സന്ദര്‍ശനം


അബൂസൈനബ്
രാഷ്ട്രത്തലവന്മാര്‍ അന്യരാജ്യങ്ങളില്‍ സൌഹൃദ സന്ദര്‍ശനം നടത്തുക പതിവാണ്. ഇത്തരം സന്ദര്‍ശനങ്ങള്‍ പൊതുവെ വിവാദമാകാറില്ല. ചില നേതാക്കളുടെ സന്ദര്‍ശനങ്ങള്‍ പ്രസ്തുത രാജ്യങ്ങളിലെ പ്രതിപക്ഷ പാര്‍ട്ടികളോ മനുഷ്യാവകാശ ഗ്രൂപ്പുകളോ എതിര്‍ക്കാറുണ്ട്. ഇസ്രയേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരസ്, മുന്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍, യു.എസ് മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ളിയു ബുഷ് എന്നിവരുടെ ഇന്ത്യാ സന്ദര്‍ശനങ്ങള്‍ ഉദാഹരണം. എന്നാല്‍ ഒരു രാഷ്ട്രത്തലവന്‍ മറ്റൊരു രാജ്യത്ത് നടത്തുന്ന സന്ദര്‍ശനത്തിനെതിരെ മൂന്നാമതൊരു രാഷ്ട്രം രംഗത്തുവരുന്നത് മര്യാദകേടാണ്. ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദീ നിജാദിന്റെ ലബനാന്‍ സന്ദര്‍ശനത്തിനെതിരെ അമേരിക്കയും ഇസ്രയേലും ഫ്രാന്‍സും നടത്തിയ പ്രചാരണങ്ങള്‍ അന്താരാഷ്ട്ര മര്യാദകളുടെ ലംഘനമായിരുന്നു. അരുമസന്തതിയായ ഇസ്രയേലിന്റെ താളത്തിനൊത്ത് ഒബാമ ഭരണകൂടം തുള്ളിയത് പുതുമയുള്ളതല്ലെങ്കിലും ഇറാന്‍ പ്രസിഡന്റിന് ആതിഥ്യമരുളുന്നതില്‍ ലബനാനോട് ആശങ്ക അറിയിച്ച നടപടി ആ രാജ്യത്തിന്റെ ആഭ്യന്തര, വിദേശ നയങ്ങളിന്മേലുള്ള കടന്നുകയറ്റമാണ്. 
ലബനാനിലെ ഭരണപക്ഷമായ മാര്‍ച്ച് 14 മുന്നണിയിലെ ഘടകകക്ഷികളില്‍ ചിലതും ഇറാന്‍ പ്രസിഡന്റിന്റെ വരവില്‍ പ്രതിഷേധം അറിയിച്ചിരുന്നു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങളില്‍ അഹ്മദീ നിജാദ് പര്യടനം നടത്തുന്നതും ഇറാന്‍-സിറിയ-ഹിസ്ബുല്ല കൂട്ടുകെട്ട് ലബനാനുമേല്‍ മേധാവിത്വം നേടുന്നതുമായിരുന്നു അമേരിക്കന്‍ അനുകൂല പാര്‍ട്ടികളുടെ എതിര്‍പ്പിനു കാരണം. എന്നാല്‍, ഹിസ്ബുല്ലയുടെ എതിരാളിയും ഭരണസഖ്യത്തിലെ പ്രമുഖ ക്രിസ്ത്യന്‍ പാര്‍ട്ടിയുമായ ലബനീസ് ഫോഴ്സ് നേതാവ് സമീര്‍ ജഅ്ജ സന്ദര്‍ശനത്തെ സ്വാഗതം ചെയ്യുകയായിരുന്നു. ശീഈ പോരാളി സംഘടനയായ ഹിസ്ബുല്ലയോട് ഇവര്‍ക്കുള്ള വിരോധം മനസ്സിലാക്കാം. എന്നാല്‍ ലബനാനെതിരായ ഇസ്രയേലിന്റെ മുഷ്കിനെ അതിശക്തമായി എതിരിടുന്ന ഹിസ്ബുല്ലയെ വെറുപ്പിക്കുന്ന ഒരു നടപടിയും രാജ്യത്തിന് ഗുണകരമല്ലെന്ന തിരിച്ചറിവ് ഗവണ്‍മെന്റിനുണ്ട്. അതുകൊണ്ടുതന്നെ സുന്നി വിഭാഗക്കാരനായ പ്രധാനമന്ത്രി സഅദ് ഹരീരിയും മറോണൈറ്റ് ക്രിസ്ത്യാനിയായ പ്രസിഡന്റ് മിഷല്‍ സുലൈമാനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ അഹ്മദീ നിജാദിന് ഊഷ്മള സ്വീകരണം നല്‍കി. സയണിസ്റ് ഭീകരതക്കെതിരെ ലബനാനു തുണയായി ഇറാന്‍ ഉണ്ടാകുമെന്ന് നിജാദ് പ്രഖ്യാപിക്കുകയും ചെയ്തു.
ഇസ്രയേലുമായി അതിര്‍ത്തി പങ്കിടുന്ന തെക്കന്‍ ലബനാനിലെ ഹിസ്ബുല്ല ശക്തികേന്ദ്രമായ ബിന്‍ത് ജബൈല്‍ ഗ്രാമത്തില്‍ വന്‍ പൊതുസമ്മേളനത്തെയും ഇറാന്‍ പ്രസിഡന്റ് അഭിസംബോധന ചെയ്യുകയുണ്ടായി. ഇസ്രയേലിനു കിലോ മീറ്ററുകള്‍ മാത്രം അകലെനിന്ന് സയണിസത്തിന്റെ മുഖ്യശത്രു പ്രസംഗിച്ചത് ഇസ്രയേലിനേക്കാള്‍ ചൊടിപ്പിച്ചത് ചില പടിഞ്ഞാറന്‍ മാധ്യമങ്ങളെയായിരുന്നു. അസോസിയേറ്റഡ് പ്രസ് പോലുള്ള വാര്‍ത്താ ഏജന്‍സികള്‍ പ്രകോപനപരമായ തലക്കെട്ടുകളാണ് പ്രസ്തുത വാര്‍ത്തക്ക് നല്‍കിയത്. കിട്ടിയ അവസരം മുതലെടുത്ത് അഹ്മദീ നിജാദിനെ വധിക്കണമെന്ന് അതിര്‍ത്തിക്കപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തുന്ന ജൂത തീവ്രവാദികളുടെ പ്രതികരണങ്ങളും വാര്‍ത്തയില്‍ ഇടംപിടിച്ചിരുന്നു.
ഇറാന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പടിഞ്ഞാറന്‍ മീഡിയ പ്രചരിപ്പിച്ച നുണബോംബുകള്‍ ഏറെയാണ്. ജനങ്ങള്‍ക്ക് വാര്‍ത്തകള്‍ നല്‍കുകയല്ല, തങ്ങളുടെ ഗവണ്‍മെന്റുകളെ സേവിക്കലാണ് പ്രഥമ ഉത്തരവാദിത്വം എന്ന മട്ടിലാണ് മാധ്യമങ്ങള്‍ വിഷയത്തെ കണ്ടത്. ഒരു അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ എഴുതിയത് ലബനാനിലേക്കുള്ള തന്റെ പ്രഥമ സന്ദര്‍ശനം പ്രകോപനത്തിനുള്ള അവസരമായാണ് അഹ്മദീ നിജാദ് കണ്ടത് എന്നായിരുന്നു. അടുത്ത കാലത്തൊന്നും ലബനാന്‍ കണ്ടിട്ടില്ലാത്ത ഗംഭീരമായ സ്വീകരണമാണ് ഇറാന്‍ പ്രസിഡന്റിന് ലഭിച്ചത് എന്നതു തന്നെ പ്രകോപന പ്രോപഗണ്ട പാളിപ്പോയി എന്നതിന്റെ ദൃഷ്ടാന്തമായിരുന്നു. റോഡിനിരുവശവും ആയിരങ്ങള്‍ അദ്ദേഹത്തെ അഭിവാദ്യം ചെയ്തു. അവരില്‍ മുസ്ലിംകളും ക്രിസ്ത്യാനികളുമൊക്കെയുണ്ടായിരുന്നു. വിവിധ മുസ്ലിം രാജ്യങ്ങള്‍ക്കിടയില്‍ ഇറാന്‍വിരുദ്ധ നിലപാട് സൃഷ്ടിക്കാനുള്ള പടിഞ്ഞാറിന്റെയും മീഡിയയുടെയും ശ്രമങ്ങളെ സമര്‍ഥമായി അഹ്മദീ നിജാദ് കൈകാര്യം ചെയ്തു. ലബനാന്‍ സന്ദര്‍ശനത്തിനു തലേന്ന് സുഊദി അറേബ്യയിലെ അബ്ദുല്ല രാജാവിനെ ടെലിഫോണില്‍ വിളിച്ച് മേഖലയിലെ രാഷ്ട്രീയ ചലനങ്ങള്‍ ചര്‍ച്ച ചെയ്തത് ഇതിന്റെ ഭാഗമായിരുന്നു.
ഓസ്ട്രേലിയന്‍ പത്രം സിഡ്നി മോര്‍ണിംഗ് ഹെറാള്‍ഡിന് വാര്‍ത്തയായത് ഇറാന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് രണ്ട് ഒട്ടകങ്ങളെയും പത്ത് ആടുകളെയും അറുത്ത സംഭവമായിരുന്നു. മറ്റാരും റിപ്പോര്‍ട്ട് ചെയ്യാത്ത ഈ വാര്‍ത്ത ഇവര്‍ക്ക് മാത്രം എങ്ങനെ ലഭിച്ചുവെന്നത് അജ്ഞാതം. പത്രത്തിന്റെ വിവരണം രസകരമായിരുന്നു. "അദ്ദേഹത്തിന്റെ ബഹുമാനാര്‍ഥം ഒട്ടകങ്ങള്‍ അറുക്കപ്പെട്ടു. അവയുടെ രക്തം തെരുവുകളിലൂടെ ഒഴുകി. ഒപ്പം സ്വാഗതമോതിക്കൊണ്ടുള്ള ആര്‍പ്പുവിളികളും...'' ഇതൊക്കെ വായിച്ച് സഹികെട്ടാവണം, അഹ്മദീ നിജാദുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നീതിപൂര്‍വം റിപ്പോര്‍ട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് മാധ്യമപ്രവര്‍ത്തകന്‍ മാത്യൂ കാസ്സലിന് ലണ്ടനിലെ ഗാര്‍ഡിയന്‍ ദിനപത്രത്തില്‍ ലേഖനമെഴുതേണ്ടിവന്നത്. "മൃഗബലിയുമായി ബന്ധപ്പെട്ട് ഇസ്ലാമിക തത്ത്വങ്ങള്‍ മനസ്സിലാക്കാന്‍ പുസ്തക ഷെല്‍ഫ് പരതുകയോ വിക്കിപീഡിയ സെര്‍ച്ച് ചെയ്യുകയോ വേണ്ടതില്ല. മറിച്ച്, സാമാന്യ ബുദ്ധി മതി. കാലങ്ങളായി മൃഗങ്ങളെ ഭക്ഷണാവശ്യത്തിനായി മനുഷ്യര്‍ കൊല്ലുന്നു. ഇംഗ്ളീഷില്‍ അവരെ ബുച്ചര്‍മാര്‍ (അറവുകാര്‍) എന്നാണ് പറയാറ്. അറുത്ത മൃഗങ്ങളെ ജനം ഭക്ഷിച്ചുവെന്ന് പറയാതിരിക്കാന്‍ ലേഖനത്തില്‍ പ്രത്യേകം ശ്രദ്ധിച്ചതായി കാണുന്നു. അറബികളോ മുസ്ലിംകളോ ആണ് കഥാപാത്രങ്ങളെങ്കില്‍ ആനന്ദത്തിനുവേണ്ടി അവര്‍ മൃഗങ്ങളെ കശാപ്പുചെയ്തുവെന്ന് വായനക്കാരെ തെറ്റിദ്ധരിപ്പിക്കാമല്ലോ...'' 
കാസലിന്റെ ലേഖനം തുടരുന്നു: കഴിഞ്ഞാഴ്ച പടിഞ്ഞാറിന്റെ വാര്‍ത്താ കവറേജില്‍ സ്ഥാനം പിടിക്കാതെ പോയതാണ് യഥാര്‍ഥത്തില്‍ വാര്‍ത്ത. ഹിസ്ബുല്ലക്കും ഇറാന്‍ ഇസ്ലാമിക് റിപ്പബ്ളിക്കിനും ശരിയായ പ്രാതിനിധ്യമല്ല പാശ്ചാത്യ മീഡിയയില്‍ ലഭിക്കുന്നത്. പടിഞ്ഞാറന്‍ വിരുദ്ധരെന്ന് ഇരുകക്ഷികളെയും മുദ്രകുത്തുന്നത് ഇരു കക്ഷികളുടെയും ഉത്ഭവത്തെക്കുറിച്ചുള്ള അജ്ഞത കാരണമാണ്. പടിഞ്ഞാറന്‍ മേലാളന്മാര്‍ അടിച്ചേല്‍പിച്ച ജനവിരുദ്ധ രാജവാഴ്ചക്കെതിരെ 26 വര്‍ഷം നീണ്ട സന്ധിയില്ലാ പോരാട്ടത്തിന്റെ ഫലമാണ് ഇന്നത്തെ ഇറാന്‍. മര്‍ദക ഭരണകൂടം ഇസ്ലാമിസ്റുകളെയായിരുന്നു അതിശക്തമായി വേട്ടയാടിയിരുന്നത്. എന്നാല്‍ അതേ ഇസ്ലാമിസ്റുകള്‍ തന്നെ 1979-ല്‍ പടിഞ്ഞാറിന്റെ പാവ ഭരണകൂടത്തെ വലിച്ചെറിഞ്ഞു. കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷമാണ് ലബനാനില്‍ ഹിസ്ബുല്ല ജനിക്കുന്നത്. ശീഈകള്‍ ശക്തമായ സാന്നിധ്യമായിരുന്ന തെക്കന്‍ ലബനാനില്‍ അമേരിക്കയുടെ ഉറ്റ സുഹൃത്തായ ഇസ്രയേല്‍ അധിനിവേശം നടത്തിയപ്പോഴായിരുന്നു അത്. ഇറാന്റെ സഹായത്തോടെ ഇസ്രയേലീ ഭടന്മാരെ അവര്‍ കെട്ടുകെട്ടിച്ചു, ഒരിക്കലല്ല, രണ്ടുതവണ. ഇത്തരം നിര്‍ണായകമായ ചരിത്ര യാഥാര്‍ഥ്യങ്ങള്‍ മുന്നില്‍വെച്ച് പരിശോധിക്കുമ്പോള്‍ ഇരു കക്ഷികളുടെയും പടിഞ്ഞാറന്‍ വിരുദ്ധ നിലപാടുകളും സമൂഹത്തിന്റെ അടിത്തട്ടില്‍നിന്ന് അവര്‍ക്ക് ലഭിക്കുന്ന പിന്തുണയും എളുപ്പം മനസ്സിലാക്കാനാവും. മേഖലയിലെ നിരവധി രാഷ്ട്രീയ പോരാട്ടങ്ങളുടെ വേദിയാണ് ലബനാന്‍. ഇസ്രയേലിനോടും അതിന്റെ സ്പോണ്‍സര്‍മാരായ പടിഞ്ഞാറന്‍ രാജ്യങ്ങളോടും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നതിനാല്‍ ലബനാന്റെ രാഷ്ട്രീയ ഗോദയില്‍ അതിശക്തമായ സ്ഥാനത്താണ് ഹിസ്ബുല്ല.
അഹ്മദീ നിജാദിന്റെ സന്ദര്‍ശനം ഇസ്രയേലിന്റെ അധിനിവേശ ഭീകരതക്കെതിരെ ചെറുത്തുനില്‍പ് പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്നതായിരുന്നു. എത്രയൊക്കെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചിട്ടും ഒടുവില്‍ ഇറാനു മുന്നില്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ അടിയറവ് പറഞ്ഞുകൊണ്ടിരിക്കുകയാണ്. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇറാനെ ക്ഷണിച്ചതും തെഹ്റാന്‍ ക്ഷണം സ്വീകരിച്ചതുമാണ് ഒടുവിലത്തെ ഉദാഹരണം. കൊട്ടിഘോഷിച്ച ഉപരോധങ്ങള്‍ വേണ്ടത്ര ഫലം ചെയ്യുന്നില്ലെന്ന തിരിച്ചറിവും സൈനിക നടപടി ബുദ്ധിപൂര്‍വകമായിരിക്കില്ലെന്ന വിശകലനവുമാണ് നയതന്ത്രവേഷത്തിലേക്കുള്ള തിരിച്ചുപോക്കിനു പ്രേരകം. എന്തൊക്കെ പറഞ്ഞാലും ഇറാന്റെ ഇടപെടലാണ് മധ്യപൌരസ്ത്യദേശത്തെ രാഷ്ട്രീയത്തിന് സന്തുലിതത്വം നല്‍കുന്നത്. അമേരിക്കക്കും പാശ്ചാത്യ ശക്തികള്‍ക്കും അത് അംഗീകരിക്കാനാവില്ല. മേഖലയിലെ മറ്റു മുസ്ലിം രാജ്യങ്ങളെയും ചില മാധ്യമങ്ങളെയും ചേര്‍ത്ത് ഇറാന്‍ വിരുദ്ധചേരിയുണ്ടാക്കിയിട്ടുണ്ട് അവര്‍. എന്നാല്‍ ലബനാനില്‍ അത് പാളിപ്പോയിരിക്കുന്നു. സിറിയയെ ഇറാന്‍ ബാന്ധവത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ വാഷിംഗ്ടണ്‍ നടത്തിയ മുഴുവന്‍ ശ്രമങ്ങളും പരാജയപ്പെട്ടു. ഹമാസിനെ ഉള്‍പ്പെടുത്താത്ത ഒരു ചര്‍ച്ചയും ഫലം ചെയ്യുന്നില്ലെന്ന് യു.എസ് മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചതും അമേരിക്കക്കും കൂട്ടാളികള്‍ക്കുമേറ്റ തിരിച്ചടിയാണ്. ദമസ്കസില്‍ ഖാലിദ് മിശ്അലിനെ ജിമ്മി കാര്‍ട്ടര്‍ ആശ്ളേഷിക്കുന്ന ചിത്രം അറബ് മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ